ദി കരിയറിസ്റ്റ്

കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ സെന്റ്രല്‍ കമ്മിറ്റി കൂടി അവരുടെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍ നിന്നു വി എസ് അച്യുതാനന്ദനെ പുറത്താക്കിയാല്‍ പാര്‍ട്ടികാരനല്ലാത്ത നിങ്ങള്‍ക്ക് എന്തു പോയി? മനോരമയ്ക്കും മാതൃഭൂമിയ്ക്കും എന്തു പോയി? ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് എന്തു പോയി? ഉമ്മന്‍ ചാണ്ടിയ്ക്ക് എന്തു പോയി? പാര്‍ട്ടിയില്‍ നിന്നു പണ്ടെ പുറത്താക്കപ്പെട്ട എം വി ആറിനു എന്തു പോയി? സി പി ജോണിനു എന്തു പോയി?

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇതു സി പി എമ്മിന്റെ പ്രൈവറ്റ് കാര്യം.

ഞങ്ങള്‍ക്ക് ഈ കാര്യത്തിലുള്ള ദുഃഖം പ്രകാശ് കരാട്ടിനെ കുറിച്ചാണു. അതൊരു സ്വകാര്യദുഃഖമാണു.

കാരണം ഞങ്ങള്‍ സുപ്രസിദ്ധ മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ വിക്റ്റര്‍ കൈര്‍മാന്റെ വായനക്കാരാണു.

തൊണൂറ്റിയഞ്ചാമത്തെ വയസില്‍ വിക്റ്റര്‍ കൈര്‍മാന്‍ മരിക്കുമ്പോള്‍ (ലണ്ടന്‍ ടൈംസില്‍ വന്ന ചരമകുറിപ്പ് ഇവിടെ...) അദ്ദേഹം മാര്‍ക്സിസ്റ്റ് ചിന്തകനും ചരിത്രകാരനുമായി മാത്രമായിട്ടല്ല അറിഞ്ഞിരുന്നതു. അദ്ദേഹം ചെറുപ്പകാലത്തു കവിത എഴുതിയിട്ടുണ്ടു.

ഗവര്‍മ്മെന്റ് കോളെജ് ലാഹോറില്‍ അദ്ധ്യാപകനായിരുന്ന കാലത്തു ഉര്‍ദു പഠിച്ച കൈര്‍മാന്‍ ഫൈസ് സാഹബിന്റെ കവിതകള്‍ ഇംഗ്ലിഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ടു. 1996ല്‍ അദ്ദേഹം പ്രസിദ്ധികരിച്ച ഷേക്സ്പിയറിന്റെ എട്ട് ദുരന്തനാടകങ്ങള്‍ ഒരു മാര്‍ക്സിയന്‍ പഠനം എന്ന പുസ്തകം പല തവണ ഞങ്ങളില്‍ ചിലര്‍ വായിച്ചിട്ടുണ്ടു.

കൈര്‍മാന്റെ (ചിത്രം ഇടതുവശത്ത്) ഓര്‍മ്മയുടെ മുന്‍പില്‍ അജ്ഞലി അര്‍പ്പിച്ചതിനു ശേഷം തത്കാലം നമുക്ക് അദ്ദേഹത്തെ പിരിയാം. പ്രകാശ് കരാട്ടിനെ പറ്റി വീണ്ടും ചില ചിന്തകള്‍...



പ്രകാശ് കരാട്ട് -- ഒരു ലഘു ജീവചരിത്രം

മ്യാന്മറിന്റെ തലസ്ഥാനമായ റങ്കൂണില്‍, സ്കൂള്‍ റിക്കാര്‍ഡുകളില്‍ 1947 ഒക്റ്റോബര്‍ 19 ആണു ജനനതീയതിയെങ്കിലും ശരിക്കും 7 ഫെബ്രുവരി 1948ല്‍ ജനനം. അച്ഛന്‍ കെ ആര്‍ മേനോന്‍ അവിടെ ബ്രിട്ടിഷ് റെയ്‌ല്‍വെയില്‍ ഉദ്യോഗസ്ഥനായിരുന്നു. മ്യാന്മാറില്‍ നിന്നു തിരിച്ചു ഇന്ത്യയില്‍ എത്തിയ മേനോന്‍ അധികകാലം ജീവിച്ചിരുന്നില്ല. പ്രകാശിന്റെ അമ്മ രാധ, തന്റെ രണ്ടു മക്കളുമായി -- കമലയും പ്രകാശും -- മദ്രാസില്‍ എത്തി. അവിടെ അവര്‍ ഒരു എല്‍ ഐ സി എജന്റ് ആയി പണിയെടുത്തു കുട്ടികളെ പഠിപ്പിച്ചു.

പ്രകാശിന്റെ സഹോദരി കമല മദ്രാസില്‍ എത്തി അധികം കാലം കഴിയുന്നതിനു മുന്‍പ് മരിച്ചു. അങ്ങനെ ഏകാന്തനായ ഒറ്റ കുട്ടിയായി പ്രകാശ് വളര്‍ന്നു.

മദ്രാസ് ക്രിസ്ത്യന്‍ കോളെജില്‍ നിന്നു ബി എ ചെയ്തതിനു ശേഷം പ്രകാശ് ബ്രിട്ടനിലെ എഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ നിന്നു എം എസി ബിരുദം നേടി. 1970ല്‍ ഇന്ത്യയില്‍ പ്രകാശ് തിരിച്ചെത്തിയതു കമ്യുണിസ്റ്റായിട്ടായിരുന്നു.

1969ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസാക്കിയ ഒരു ആക്റ്റ് പ്രകാരം നെഹ്രുവിന്റെ ഓര്‍മ്മയ്ക്കായി ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി സ്ഥാപിക്കപ്പെട്ടു. പ്രകാശ് അവിടെ പഠനം തുടര്‍ന്നു. അവിടെ വച്ചാണു പ്രകാശ് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായതു.

1972ലെ സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പിലൂടെ പ്രകാശ്, ജെ എന്‍ യു വിന്റെ പ്രസിഡന്റ് ആയി. അങ്ങനെയാണു ദെല്‍ഹിക്കാര്‍ ആദ്യമായി പ്രകാശിനെ അറിയുന്നതു. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തു കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടന മേഡത്തിന്റെ വിശ്വസ്ഥനായ ജി പാര്‍ത്ഥസാഥി വൈസ് ചാന്‍സലര്‍ ആയ യൂണിവെഴ്സിറ്റി പിടിച്ചെടുത്തതു പത്രക്കാരെ രസിപ്പിച്ചു. പ്രകാശിനു ശേഷം സിതാറാം യെച്ചൂരിയെന്ന പഴയ സി ബി എസ് ഇ ഓള്‍ ഇന്ത്യ ടോപ്പറും പ്രസിഡന്റായി. അതിനു ശേഷം ഡി രഘുനന്ദനനും. ജെ എന്‍ യു ഇടതുപക്ഷത്തിന്റെ കോട്ടയായി.

1990കളില്‍ ബിഹാര്‍/ഒറിസ്സയില്‍ നിന്നു എത്തിയ വിദ്യാര്‍ത്ഥികല്‍ക്ക് മുന്‍‌തൂക്കമുള്ള നക്സല്‍ വിദ്യാര്‍ത്ഥിസംഘടനയായ ആള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (ഐസ) ഭരണം പിടിച്ചെടുക്കുന്നതു വരെ ജെ എന്‍ യു, എസ് എഫ് ഐയെ പിന്‍തുണച്ചു.

1970 മുതല്‍ പ്രകാശ് കരാട്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സെന്റ്രല്‍ കമിറ്റി ഓഫിസില്‍ സന്ദര്‍ശകനായിരുന്നു. മിടുക്കനും പണ്ഡിതനും ആത്മാര്‍ത്ഥതയുമുള്ള പ്രകാശിനെ എ കെ ഗോപാലനു ഇഷ്ടമായി. എ കെ ജി പ്രകാശിനെ തന്റെ കൂടെ സഹായിയായി നിര്‍ത്തി.

എസ് എഫ് ഐയുടെ ഓള്‍ ഇന്ത്യ പ്രസിഡന്റ്, പാര്‍ട്ടിയുടെ ദെല്‍ഹി സ്റ്റേറ്റ് സെക്റ്റ്രട്ടറി, 1992ല്‍ സെന്റ്രല്‍ കമ്മിറ്റി അംഗം അങ്ങനെ പ്രകാശ് അര്‍ഹിച്ചതെല്ലാം പാര്‍ട്ടി നല്‍കി. എ കെ ജിയുടെ മരണശേഷം പ്രകാശ് സൂര്‍ജിത്തിന്റെ സഹായി ആയി.

2005ല്‍ ദെല്‍ഹിയിലെ താല്‍കട്ടോര സ്റ്റേഡിയത്തില്‍ വച്ചു സൂര്‍ജിത്ത് വച്ചൊഴിഞ്ഞ ജെനറല്‍ സെക്രട്ടറി സ്ഥാനം പ്രകാശ് ഏറ്റെടുത്തപ്പോള്‍ അവിടെ കൂടിയിരുന്ന സഖാക്കള്‍ മുദ്രാവാക്യം വിളിച്ചു: “ഇങ്കുലാബ് സിന്ദാബാദ്, കോമ്രേഡ് കരാറ്റ് സിന്ദാബാദ്.”

2004 യു പി എ സര്‍ക്കാര്‍ ഉണ്ടാകുന്നതിന്റെ കാരകനായ സൂര്‍ജിത്തിന്റെ ഭീമമായ സൈസുള്ള ഷൂസിലേയ്ക്കാണു പ്രകാശ് പ്രവേശിച്ചതു. മുന്നണി രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യനു പകരക്കാരാനായി പ്രയോഗികരാഷ്ട്രീയം അറിയാത്ത ഈ ചെറുപ്പക്കാരന്‍ എന്തു ചെയ്യും എന്നു ഇന്ത്യ നോക്കിയിരുന്നു. ജ്യോതി ബാസു ഹിമാലയന്‍ അബദ്ധം എന്നു വിളിച്ചെങ്കിലും അധികാരം പൂര്‍ണ്ണമായി കയ്യാളാന്‍ പറ്റാത്ത സാഹചര്യത്തില്‍ അതു സ്വീകരിക്കാതെ ഇരിക്കുകയാണു നല്ലതു എന്നു പറഞ്ഞു ബാസുവിനെ പ്രധാനമന്ത്രിയാക്കുവാന്‍ അനുവദിക്കാത്ത പ്രകാശിന്റെ തിളങ്ങുന്ന സത്യസന്ധത ആശാവഹമായിരുന്നു.

എവിടെ വച്ചാണു പ്രകാശ് പാളിയതു?

ആ ദുര്‍ദിനത്തില്‍...

മായാവതി അപ്പോയ്ന്റ്മെന്റ് നല്‍കാതെ സിപീമ്മിന്റെ ജനറല്‍‌സെക്രട്ടറിയെ പുറത്തിരുത്തിയ ആ ദുര്‍ദിനത്തില്‍? അല്ല. പ്രകാശ് വിഭാവനം ചെയ്ത മൂന്നാം മുന്നണിയുടെ നേതാവ് ചന്ദ്രശേഖര്‍ റെഡി എന്‍ ഡി എയില്‍ ചേര്‍ന്ന ദിവസം? അല്ല. ഇതെല്ലാം പാര്‍ലിമെന്ററി കക്ഷി രാഷ്ട്രീയത്തില്‍ പറഞ്ഞിട്ടുള്ളതാണു.

ആ ദുര്‍ദിനത്തില്‍, അധികാരപ്രാപ്തി മഞ്ഞളിപ്പിച്ച കണ്ണുകള്‍ വിടര്‍ത്തി പ്രകാശ് കാരാട്ട് ‘വേണമെങ്കില്‍ പ്രധാനമന്ത്രി ആകണമോ എന്നു ആലോചിക്കും’എന്നു പറഞ്ഞ ദുര്‍ദിനത്തില്‍.

വീണ്ടും കൈര്‍മാനിലേയ്ക്ക്

കമ്യുണിസ്റ്റുകാര്‍ക്ക് ആത്മാക്കളില്‍ വിശ്വാസം ഇല്ലെങ്കിലും അവ ഉണ്ടെങ്കില്‍ ഈ ദിവസങ്ങളില്‍ തീര്‍ച്ചയായും വിക്റ്റര്‍ കൈര്‍മാന്റെ ആത്മാവ് അസ്വസ്ഥനായിരിക്കും.

എഡിന്‍ബറോ യൂണിവെഴ്സിറ്റിയില്‍ അദ്ധ്യാപകനായ കൈര്‍മാനായിരുന്നു തന്റെ വിദ്യാര്‍ത്ഥിയായ പ്രകാശ് കരാട്ടിനെ കമ്യൂണിസ്റ്റാക്കിയതു. പ്രകാശ് തന്റെ ഗുരുനാഥനു ഒരു നല്ല ഉപഹാരം അര്‍പ്പിച്ചു: അദ്ദേഹത്തിന്റെ
തൊണ്ണുറാംപിറന്നാളിനു പ്രകാശ് എഡിറ്റ് ചെയ്തു ഇന്ത്യാ ഭൂഖണ്ഡത്തെ പറ്റി കൈര്‍മാന്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് ‘എക്രോസ് ടൈം ആന്റ് കൊണ്ടിന്റന്റ്സ്’ എന്ന പുസ്തകം പ്രസിദ്ധികരിച്ചു. ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ എറിക് ഹോബ്സ്വാം കൈര്‍മാന്റെ ചരമകുറിപ്പ് ഗാര്‍ഡിയനില്‍ എഴുതിയപ്പോള്‍ പ്രകാശിന്റെ ഈ പിറന്നാള്‍ സമ്മാനത്തെ കുറിച്ചു പരാമര്‍ശിച്ചിരുന്നു.

കൈര്‍മാന്റെ ആത്മാവ് തീര്‍ച്ചയായും പഴയ ലഹോര്‍ സുഹൃത്ത് സൂര്‍ജീത്തിന്റെ ആത്മാവും ആയി ഇതിനകം കണ്ടുമുട്ടി കാണും. സൂര്‍ജിത്ത് എ കെ ഗോപാലനെ കൈര്‍മാനു പരിചയപ്പെടുത്തി കാണും. അവര്‍ മൂന്നു പേരും കൂടി ഈ ദിവസങ്ങളില്‍ പറയുന്നുണ്ടാകും:“എന്താ ഈ നമ്മടെ പ്രകാശുകുട്ടി കാണിക്കണ? എന്താ മാളോര്‍ക്ക് തോന്ന്വാ? അഴിമതി കേസില്‍ പെട്ട പിണറായിയ്ക്ക് ഒരു കൊഴൊപ്പോം ഇല്ല. പാവം അച്ചു പുറത്തു. ഇനി തമിഴന്മാര്‍ കമ്യുണിസ്റ്റുകാര്‍ക്ക് നഞ്ഞം ഇല്ല എന്നു പറയ്വ?”

ആ എം ടി ഡയലോഗ് അവിടെ നില്‍ക്കട്ട.

എന്തിനാണു പ്രകാശ് ഇന്ത്യ മുഴുവന്‍ ബാഡ് പ്രെസ് ഉള്ള, സി ബി ഐ മാത്രമല്ല, കോടതി വരെ പ്രഥമദൃഷ്ടിയില്‍ ലാവലിന്‍ അഴിമതികേസില്‍ കുറ്റക്കാരന്‍ എന്നു കണ്ട പിണറായിയെ ഒരു പരിക്കും ഇല്ലാതെ വെറുതെ വിട്ട്, വി എസ് അച്യുതാനന്ദനെ പി ബിയില്‍ നിന്നു -- പത്രവാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ -- പുറത്താക്കുവാന്‍ ഒറ്റയ്ക്ക് രണമാടിയതു?

വി എസ് പക്ഷവും യൂത്ത് കോണ്‍ഗ്രസുകാരും പറഞ്ഞു നടക്കുന്നതു ഞങ്ങള്‍ക്ക് വിശ്വസിക്കുവാന്‍ പറ്റില്ല. ഇല്ല, കൈര്‍മാന്റെ അരുമ വിദ്യാര്‍ത്ഥി, എ കെ ജിയുടെ ട്രെയ്‌നി കാശു വാങ്ങിക്കുകയില്ല.

പിന്നെ?

പ്രകാശ് എന്നും കരിയറിസ്റ്റായിരുന്നു. ഒന്നാലോചിച്ചു നോക്കു, ഒരു പോളിങ് ബൂത്ത് എജന്റ് പോലും ആകാത്തവന്‍ എവിടം വരെ എത്തി? എ കെ ജി മുതല്‍ സുര്‍ജിത്തിനെ വരെ മണിയടിച്ചു കാര്യം നേടി.

അതിനു വില കൊടുത്തത്ത് സി പി എം ആണു. 2004ല്‍ കിങ് മേക്കര്‍, 2009ല്‍ വെറും 16 സീറ്റുകള്‍. പല സംസ്ഥാനങ്ങളിലും പാര്‍ട്ടി ഇല്ലാതായി.

ഇതിനു പ്രകാശിനു മറുപടി നല്‍കേണ്ടി വരും. സി പി എമ്മിന്റെ 17 സംസ്ഥാനകമ്മിറ്റികളില്‍ 16 പേര്‍ക്കും എല്ലാം നഷ്ടപ്പെടുത്തിയവനാണു ഈ പ്രകാശ്. നഷ്ടപ്പെടാത്ത ആ ഒരേ ഒരു സംസ്ഥാനം ത്രിപുരയാണു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അവര്‍ ആദ്യം പ്രകാശിനെതിരെ കല്ലെറിയും. പിന്നെ ബംഗാള്‍...

ഏകാന്തനായ ഒറ്റ കുട്ടിയായി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ഇരിക്കുമ്പോള്‍ പിന്‍‌തുണയ്ക്കുവാന്‍ ഒരേ ഒരാള്‍ മാത്രം... സഖാവ് പിണറായി. ഒരേ ഒരു സംസ്ഥാനഘടകം മാത്രം, കേരളം.

കാശല്ല, ഈ പേടിപ്പിക്കുന്ന ഏകാന്തതയാണു പ്രകാശിനെ കൊണ്ട് ഒരു ഒറ്റയാന്‍ പോരാട്ടം നടത്തി പിണറായിയെ രക്ഷിപ്പിച്ചതും അച്യുതാനന്ദനെ തരം താഴ്ത്തിപ്പിച്ചതും എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.

ഡിസ്ക്ലേയ്മറ്: ഇതു വായിച്ച് ഞങ്ങള്‍ വി എസ് പക്ഷമാണെന്നു കരുതരുതു. സി പി എമ്മില്‍ ജ്യോതി ബാസു കഴിഞ്ഞാല്‍ സീനിയര്‍ മോസ്റ്റ് ആയ വി എസ് അച്യുതാനന്ദന്‍ ഒരു കിളുന്തു ചെക്കനാല്‍ അപമാനിതനായതിനു ശേഷവും മുഖ്യമന്ത്രി സ്ഥാനത്ത് അള്ളി പിടിച്ചിരിക്കുന്നതിന്റെ ലോജിക്ക്, മുന്‍പൊരിക്കല്‍ കരാട്ടിനെ വെറളി പിടിപ്പിച്ച അധികാരം എന്ന അതെ ഫോര്‍ ലെറ്റര്‍ വാക്ക് തന്നെയാണെന്നു ഞങ്ങള്‍ കരുതുന്നു.


About this entry


13 comments:

  1. Anonymous July 15, 2009 8:06 AM

    വീ എസ് നെ മുഖ്യമന്ത്രിയാകാന്‍ അനുകൂലനിലപാട് എടുത്ത ആളാണ് കാരാട്ട്.ഇപ്പോള്‍ പിണറായിയെകൊണ്ട് പൊറുതിമുട്ടി ഗത്യന്തരമില്ലാതെ വീ എസ് കാരാട്ട് വിരുദ്ധരുമായി സന്ധിചെയ്യാന്‍ ശ്രമിച്ചതും കാരാട്ടിനെ ചൊടിപ്പിച്ചതാകാം.അപ്പോള്‍ പിന്നെ കരുണാകരനെപ്പോലെ സ്ഥിരം അനുചരവൃന്ദത്തെ പോറ്റിവളര്‍ത്തി കൂടെക്കൊണ്ടുനടക്കുന്ന പിണറായിയെ തന്നെ കരിയറിസ്റ്റ് കാരാട്ടിന് ശരണം.

  2. Baiju Elikkattoor July 15, 2009 9:17 AM

    :)

  3. കിനാവ് July 15, 2009 11:16 AM

    പ്രകാശ് എന്ന കരിയറിസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള ഭാഗങ്ങള്‍ സൂപ്പര്‍ബ്!!

  4. mirchy.sandwich July 15, 2009 12:17 PM

    അടുത്ത പോസ്റ്റ് അച്ച്യുതാനന്ദനെക്കുറിച്ചാകട്ടെ.കേരളത്തിന്റെ അഴിമതി വിരുദ്ധ മനസ്സിനെയും വിമോചന സ്വപ്നങ്ങളെയും സമര്‍ഥമായി ഹൈജാക് ചെയ്ത് തന്റെ അധികാരമുറപ്പിക്കാനുപയോഗിച്ച ആ (കുരുട്ട്)ബുദ്ധിയെക്കുറിച്ച്. ഇത്രയൊക്കെയായിട്ടും തെരുവില്‍ സിന്ദാബാദ് വിളിച്ച് പിണറായിയുടെ ചോറ്റുപട്ടികളുടെ അടിയും ചവിട്ടും വാങ്ങുന്നവര്‍ ഒടുവില്‍ നെഞ്ചുരുകി പ്രാകുമ്പോഴും താങ്ങാനുള്ള കരുത്തുണ്ടാകുമോ ഇദ്ദേഹത്തിനു..?

  5. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി July 15, 2009 1:03 PM

    ലോകത്ത് ഇന്ന് കമ്മ്യൂണിസ്റ്റുകാരേക്കാളും അധികം ചിന്താപരമായി കമ്മ്യൂണിസത്തിലൂടെ കടന്നുപോയ കമ്മ്യൂണിസ്റ്റ് വിരുദ്ധരായിരിക്കും എന്ന് ഞാന്‍ കരുതുന്നു. എന്ത്കൊണ്ട് ഒരു മഹാദര്‍ശനത്തിന് ഈ ദുര്‍ഗതി നേരിട്ടു? ഉത്തരം ഭാവിയിലെ ചരിത്ര വിദ്യാര്‍ത്ഥികള്‍ കണ്ടെത്തട്ടെ! ലേഖനം നന്നായിട്ടുണ്ട്...

  6. aju July 16, 2009 12:41 AM

    CPI(M) വിരുദ്ധ പ്രകടനങ്ങളുടെ പിന്നില്‍ ആര്‍?

    http://www.youtube.com/watch?v=c-IcJ3ZS47c

    http://www.youtube.com/watch?v=sMRRL_epv8Q

  7. അലിഫ് /alif July 16, 2009 10:49 AM

    ചുരുക്കത്തിൽ പറഞ്ഞാൽ ആ പഴയ ഏ.കെ.ജി യാണ് ഇന്നത്തെ സകലഗുലാബികൾക്കും കാരണം..!! :)

  8. അലിഫ് /alif July 16, 2009 11:04 AM

    ഒരു ഓഫും കൂടി..!!
    പ്രകാശന്റെ അഛൻ പണ്ട് റങ്കൂണിലായിരുന്നെന്ന് അറിഞ്ഞത് നന്നായി, ഞാൻ കുറേ ദിവസമായി മുകുന്ദന്റെ നോവൽ ‘പ്രവാസ’ ത്തിലെ ഗിരി യുടെ ഉറവിടം അന്വേഷിച്ച് നടക്കുവായിരുന്നു; ഇപ്പോൾ ഏകദേശം എല്ലാം ശരിയായി; നന്ദി.

  9. Anonymous July 17, 2009 4:00 AM

    Comrade Karatinte political graphine kurichulla arivu thannathinu nanni. VS parliamentory vyamoham, Pinarayi Adhikara vyamoham, appol Karatino.

  10. ഹരീഷ് കീഴാറൂർ July 17, 2009 8:31 PM

    വേദനതോന്നുന്നു,എന്റയുംകൂടി ചുവന്ന സ്വപ്നങ്ങൾ കറൂത്തൂപോകുമ്പോൾ.

  11. Hari July 17, 2009 9:14 PM

    Excellent post...good writing.

  12. chithrakaran:ചിത്രകാരന്‍ July 19, 2009 1:56 PM

    ഒരു വ്യക്തിയുടെ കരിയറിനു വേണ്ടി പാര്‍ട്ടി കുരുതികൊടുക്കപ്പെട്ടുവെന്നുതന്നെ പറയാം.
    ഒരു ചായകടക്കാരനോ,സായാഹ്ന പത്ര എഡിറ്ററോ,
    കോളേജദ്ധ്യാപകനോ ആകേണ്ടിയിരുന്ന
    ഒരുവന്‍ പാര്‍ട്ടിയുടെ തലക്കകത്തേക്ക് നുഴഞ്ഞുകയറുംബോള്‍ സംഭവിക്കാവുന്നത് !

    മഹത്വമുണ്ടായിരുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ
    ഒഫീസില്‍ മണിയടിച്ച് പറ്റിക്കൂടിയ കാരേട്ടന്മരുടേയും,
    കച്ചവടഏജന്റുമാരുടേയും, കൂട്ടിക്കൊടുപ്പുകാരുടേയും,
    ഭരണത്തിനു വിട്ടുകൊടുത്ത് കേവലം ഒരു കോണ്‍ഗ്രസ്സാക്കിമാറ്റിയ പാര്‍ട്ടി അംഗങ്ങള്‍ തന്നെ കുറ്റക്കാര്‍.
    അദ്ധ്വാനത്തിന്റെ കരുത്തും അനുഭവത്തിന്റെ തഴംബുമുള്ളവരെ സി.ഐ.ടി.യുക്കാരായി മറ്റിനിര്‍ത്തി പാര്‍ട്ടിയെ ഗുമസ്തന്മാരുടെ ലാവണമാക്കിയതിന്റെ പരിണതഫലം.
    വി.എസ്സിന്റെ പ്രായത്തേയും പാരംബര്യത്തേയും ബഹുമാനിക്കാമെന്നല്ലാതെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ
    പ്രതീക്ഷയൊന്നും അദ്ദേഹത്തില്‍ അര്‍പ്പിച്ചുകൂട.

  13. clash July 20, 2009 11:36 AM

    Ha ha, there are still people who quote kairali and Deshabhimani for emphasizing their truths. Thats really nice to see.

    One more thing. whatever it is, be it the irresistible urge for power or not. I personally wish that VS remains there as CM for the whole tenure. I can understand what is going on through the other camp as long as he is there. I want him to be there as they "kabab mein haddi".

    He finds a perverse pleasure in being a disruptive mole in there and i suppose, he has all the right to enjoy that perverse pleasure. Probably that pleasure is what keeps the old mans BP in check and if it is that pleasure that is allowing him to be in the forefront of a fight against the vile, vicious and the Mafia that CPIM is today. Let the old man enjoy!

    Viva VS!